Sunday, November 10, 2024

നിന്റെ പച്ച കണ്ണുകൾ




വയലറ്റ്‌ പൂക്കൾ വിരിഞ്ഞ നദിക്കരയിൽ  

കരിമഷി കലങ്ങി കറുത്ത നിന്റെ

പച്ച കണ്ണുകൾ.


അങ്ങകലെ വസന്തതിന്റെ വെയിൽ വീണ ചെങ്കുത്തായ പർവ്വത ശിഖരത്തിന്റെ കണ്ണാടിയിൽ തെളിഞ്ഞു കാണാം.


നീയോ, ഞാനോ, പൂക്കളോ,

ഇല പൊഴിഞ്ഞ വഴികളോ,

മഞ്ഞു വീണു നനഞ്ഞ പ്രഭാതങ്ങളോ,

വെയിൽ കൊണ്ട് കറുത്ത നമ്മുടെ മേനിയോ അറിയാത്ത,

മഞ്ഞു തുള്ളി പോലെ ഉറഞ്ഞു, 

മെഴുകു പൊലെ ഉരുകി ഒലിച്ചു

പൊഴിഞ്ഞു വീഴുന്ന 

നിന്റെ പച്ച കണ്ണിന്റ വസന്തം. 

ചെങ്കുത്തായ താഴ്‌വരയുടെ കണ്ണാടിയിൽ 

എനിക്ക് തെളിഞ്ഞു കാണാം. 


വയലറ്റ്‌ പൂക്കളേക്കാൾ,

നദിയിൽ തെന്നി നീങ്ങുന്ന മീനുകളേക്കാൾ 

ആഴമുള്ള, ഉരുകിയ, നിന്റെ മഞ്ഞു തുള്ളികൾ. 


നിശബ്ദതയിൽ നിന്ന്‌ 

പതിയെ ഒഴുകി വരുന്നതാണാസ്വരം. ഭൈരവിയുടെ വകഭേദങ്ങൾ മാത്രമാണ് 

മറ്റെല്ലാ രാഗങ്ങളും. 

അശാന്തമായ നിന്റെ മനസ്സിന്റെ താളങ്ങളുടെ ജുഗൽബന്ധിയിൽ  

ചെറിയൊരു ബന്ധിഷ് മാത്രമേ 

ആ രാഗഭാവങ്ങളുടെ ഉച്ചസ്ഥായികൾക്കുള്ളു.


ഒരിക്കൽ ഉരുകി തുടങ്ങിയാൽ 

വെയിൽ വഴികളിൽ സന്ധ്യ മയങ്ങുമ്പോൾ കൂടണയുന്ന 

ഉഷ്ണപക്ഷികളുടെ ചിറകിലെ 

വിയർപ്പു തുള്ളികളെ പോലും ആവാഹിക്കുന്ന 

ആഴമുള്ള നിന്റെ ഉരുകിയ മഞ്ഞു തുള്ളികൾ സ്പുരിക്കുന്ന പച്ച കണ്ണുകൾ. 


എത്ര തോരാതെ പെയ്‌തിട്ടുമൊരിക്കൽ 

വട്ടത്തിൽ കെട്ടിയ 

ഒരു പൂമാലയിൽ 

കഴുത്തൊടിഞ്ഞു ആടി നിന്ന; 

മരച്ചില്ലകൾക്കിടയിലൂടെ 

ചിതറിത്തെറിച്ച മുടിക്കിടയിലൂടെ

കാറ്റ് വന്നു വകച്ച് മാറ്റി തന്ന;

നീലിച്ച മുഖത്തിൽ 

ഉരുകി ഒലിച്ച

നിൻ്റെ പച്ച കണ്ണുകൾ.

Sunday, October 4, 2009

കണ്ണാടി




'മരിയാന, നോക്കു മൂക്കില്‍ ഒരു രോമം
പതിവിലേറെ വളര്‍ന്നിരിക്കുന്നു'

'ഇന്നലെ വാങ്ങിയ ചെറിയ
കത്രികയില്ലേ ഷെല്‍ഫില്‍'

'പലകുറി ശ്രമിച്ചു പക്ഷെ സ്വയം അറിഞ്ഞു
ഉറക്കം നടിക്കുന്ന ഒരു ഭീകരനെ മാത്രം
വെട്ടി മാറ്റാന്‍ കഴിയുന്നില്ല'

'സ്റ്റീഫന്‍,
അത് കണ്ണാടിയില്‍
പറ്റിയിരിക്കുന്ന രോമമാണ്'

'ഹോ! ഞാന്‍ വല്ലാതെ ഭയന്നു
ഒരു പക്ഷെ അത് എന്റേത്‌
തന്നെയായിരുന്നെങ്കില്‍ എന്ന് ഓര്‍ക്കുമ്പോള്‍ '

ധ്യാനപ്പുര


റേഡിയോയുടെ ക്രാ ക്രീ ശബ്ദങ്ങളില്‍ നിന്നു
ആധുനിക മിത്തോളജി രൂപം കൊള്ളുന്നു
ക്രമം തെറ്റി ഒഴുകുന്ന ധ്യാന സംഗീതം
ആത്മാവിലാവാഹിച്ചു
പുതിയ പ്രാര്‍ഥനാ മന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നു.
ഇടക്കിടെ വരുന്ന മൈന്‍ ശബ്ദങ്ങള്‍
അനലോഗില്‍ നിന്നു ഡിജിറ്റലിലേക്ക്
രൂപാന്തരപ്പെടുത്തി
യുക്തി ചിന്തയുണ്ടാക്കുന്നു.
വിസ്മയങ്ങളില്ല!
ചരിത്രരഥങ്ങള്‍
ശാന്തമഹാസമുദ്രത്തില്‍
മുങ്ങി താഴുന്നു.

ഇനിയൊരു ഉണര്‍ത്തു പാട്ടിന്റെ ഗീതവുമായി
ആയിരം കാതമകലെ നിന്നൊരു കിഴവന്‍
തോണിയുമായി വരുന്നതും കാത്തു
യുവ ചിന്തകള്‍ .

മറന്നു പോയ അക്ഷരം


കഴിഞ്ഞ കുറച്ചു നാളുകളായി
തിരയുകയാണാ അക്ഷരം.
ഞാന്‍ കുടത്തില്‍ തപ്പി,
കതകുകളില്‍ മുട്ടി,
അഴുക്കു ചാലില്‍ നീന്തി,
പഴയ നോട്ടു ബുകില്‍ വരച്ചിട്ട
ചെവിയുടെയും മൂക്കിന്റെയും
അസ്ഥിയുടെയും അടിയില്‍ പരതി,
ചെരുപ്പ് ഊരി കുടഞ്ഞു നോക്കി,
പിന്നിട്ട വഴികളില്‍
കടലോരത്ത് നടന്നകന്ന
കാല്‍പ്പാടുകള്‍ നോക്കി,
കാമുകിയുടെ ചുണ്ടിലും
ഉടുപ്പിനുള്ളിലും നോക്കി,
മദ്യത്തിലും പുകയിലും നോക്കി,
സുഹൃത്തിന്റെ ഹൃദയത്തില്‍ നോക്കി,
ഇളകി പോയ പല്ലിന്റെ പള്‍പ്പില്‍ നോക്കി,
എവിടെയും ഇല്ല

നിരാശനായ ഞാന്‍ എന്റെ
പ്രതിബിംബത്തില്‍ അലസമായൊന്നു നോക്കി

അതെന്റെ കണ്ണുകളില്‍ തന്നെ ഉണ്ടായിരുന്നു.

Thursday, January 15, 2009

To My Unknown Spouse

Around my grave
Make an eternal spring with green grass
Plant some old shade trees.
Beneath, in shades,
Give a shelter to lovers
That wait their spouses

And around me
Pave cool black granites
And expand my space to eight feet

Before the worms attrite
The brightness in my lips pale
Kiss me deep in your hearts.
In the eternity of calm and rest
Take away the boring notes from me

Give me a weightless kite
That has no deep meanings.

Before pushing me to the grave
Say looking at my hands:
"His hands are white and empty"

I have no time to listen
To the claps coming from outside,
Allow me to enjoy the coolness
Of the stones around me.

Wednesday, January 14, 2009

എന്‍ടെ അജ്ഞാത കാമുകിക്ക്


എന്റെ ശവകല്ലറക്ക് ചുറ്റും
പുല്‍ചെടികളാല്‍ നിത്യവസന്തം തീര്‍ക്കുക.
പഴയ ശീമ മരങ്ങള്‍ നടുക
അവയുടെ തണലില്‍ പ്രണയിനികളെ കാത്തിരിക്കുന്ന
കാമുകന്‍മാര്‍ക്ക് വിശ്രമിക്കാന്‍ ഇടം നല്‍കുക.
എന്റെ ചുറ്റിലും തണുപ്പുള്ള
കരിങ്കല്ലുകള്‍ സ്ഥാപിക്കുക
എനിക്ക് എട്ടടിയായി
വിപുലപെടുത്തി തരിക.
വിളറിയ എന്റെ ചുണ്ടുകളിലെ
വെണ്മ പുഴു അരിച്ചു തീരും മുന്‍പ്
സങ്കല്‍പ്പങ്ങളില്‍ എന്നെ ചുംബികുക.
നീണ്ട വിശ്രമവേളയില്‍
എന്നെ മടുപ്പിക്കുന്ന രാഗങ്ങള്‍
എന്നില്‍ നിന്നു അകറ്റുക.
എനിക്ക് പൊരുളുകള്‍ കല്‍പ്പിക്കാത്ത
ഒരു പട്ടം തരിക
എന്നെ കുഴിമാടതിലേക്ക്
തള്ളുന്നതിനു മുന്‍പ്
എന്റെ കൈകളെ നോകി പറയുക
'അവന്‌ടെ കൈകള്‍ വെളുത്തതും ശൂന്യവുമാണ്'.
പിറകെ വരുന്ന കരഘോഷങ്ങള്‍ക്ക്
ചെവി കൊടുക്കാന്‍ എനിക്ക് സമയമില്ല.
ഇപ്പോള്‍ എനിക്ക് ചുറ്റുമുള്ള
കരിങ്കല്ലുകളുടെ തണുപ്പ് നുകരാന്‍
എന്നെ അനുവദിക്കുക.

Saturday, January 10, 2009

കോഫി ഷോപ്പ്


പാലസ് റോഡിലെ കോഫി ഷോപ്പ്
പശ്ചാത്തല ഭംഗിക്ക്
പച്ചവിരിച്ച പൂന്തോട്ടം
വാടിയ റോസിന്
ഡാഫുഡില്‍ തലയെടുപ്പ്
മാര്‍ജാരനും ഹിപ്പിതൊപ്പിയും
പുതിയ ഭാവത്തില്‍
കവാടത്തില്‍ പരസ്യചിത്രം.

ചതുര മേശക്കു ചുറ്റിലും
കുശുമ്പും കുന്നായ്മയും.
കൊത്തുപണിയുള്ള
ഫര്‍ണിച്ചര്‍ പാളിക്കു
മറുവില്‍ പഞ്ചാര
കൂടിയും കുറഞ്ഞും
സ്വാദുള്ള കോഫി.

ചതുര മേശകളില്‍ പലവിധ
ശബ്ദ കോലാഹലങ്ങള്‍ .
ഭാഷാ സ്‌നേഹിയും കവിയും
അധ്യാപകനും കുശലം.

ചുവപ്പും വെള്ളയും ധരിച്ച
പരിചാരകര്‍
ശ്വാനമതം കാണാതെ പഠിച്ച
അഭ്യസ്തവിദ്യര്‍.

കോഫി ഷോപ്പില്‍
പുതിയ പരീക്ഷണങ്ങള്‍
ചൂടു കൂടിയ ചര്‍ച്ചകള്‍ .

ഫര്‍ണിച്ചര്‍ പാളിക്കപ്പുറം
പഞ്ചാര കൂടിയും കുറഞ്ഞും,
കാമറ കണ്ണുകള്‍ അങ്ങോട്ട് പാളി.

ഞാന്‍ വിത്തൗട്ട് കോഫി കുടിച്ച്
കാശ് കൊടുത്തു
പാലസ് റോഡിലേക്കിറങ്ങി
ഡാഫുഡില്‍ പരിവേഷമുള്ള റോസിന്
ഒരു ചെറു പുഞ്ചിരിട്ടിപ്പു കൊടുത്തു നടന്നു.