Monday, December 22, 2008

വാന്‍ഗോഗിലൂടെയൊരു യാത്ര


വാന്‍ഗോഗിന്റെ അര്‍ദ്ധനിശകളിലൂടെ
ഞാനും കുറെ ദൂരം സഞ്ചരിച്ചു.
കടുത്ത ചായകൂട്ട്, ബ്രഷ്‌സ്‌ട്രോക്കുകളുടെ
കട്ട പിടിച്ച ഉന്മാദ വര്‍ണ്ണങ്ങള്‍ .
നക്ഷത്രങ്ങള്‍ ഉരുണ്ടു മറിയുന്ന മാനം.

ക്യാന്‍വാസില്‍ ഹൃദയം പറിച്ചിട്ട വാന്‍ഗോഗിന്റെ
കേള്‍വിയിലൂടെയായെന്റെ അടുത്ത യാത്ര,
റെയില്‍ പാളത്തില്‍ ചെവി ചേര്‍ത്ത് പിടിച്ചു;
ഇരുട്ടിന്റെ ഭയാനകമാം ശബ്ദം,
ഇളകി മറിയുന്ന കേള്‍വിയുടെ അറ്റം,
സിരകളില്‍ തിളച്ചു മറിയുന്ന നിറക്കൂട്ടുകള്‍ .

തിരിച്ചു വരവില്ലാത്ത യാത്രക്കിടയില്‍
പാലം കടന്നു ഊട് വഴിയിലൂടെ,
തടാക കരയില്‍ അലക്കുന്ന യുവതികളോട്
കുശലം പറഞ്ഞങ്ങനെ
പക്ഷികള്‍ കൂട്ടമായ് പറന്നകന്ന
വയലേലകളില്‍ നിന്നു
അസ്തമയ സൂര്യനെ ഒപ്പിയെടുത്തു
ഞാനെന്റെ ക്യാന്‍വാസിലേക്കു തന്നെ മടങ്ങി.

Sunday, December 21, 2008

യുവമനസ്

രേഖകളില്‍
തങ്ങിനിന്ന
യുവമനസ്
വിരലിടയിലൂടെ
പുഞ്ചിരിച്ചു.
നേര്‍ത്ത
സോപ്പിന്റെ പത
വഴുവഴുപ്പുണ്ടാക്കിയ
രതി സുഖം.

ധാരയായ് ഒഴുകുന്ന
പൈപ്പിന്റെ
ചിങ്ങലും
ചിണുങ്ങലും.

ഫ്ലഷിന്‍ പാച്ചിലില്‍
പറന്നു പോയ
വർണ്ണപക്ഷികള്‍ .

ഭ്രൂണം ജീര്‍ണ്ണിക്കുന്ന
ഇരുട്ടിന്റെ തേങ്ങല്‍ .
നിലച്ചു പോയ
സുഖനിശ്വാസത്തിലെങ്ങോ
മാഞ്ഞു പോയ
യുവതിതന്‍ മുഖം.

ഒടുവില്‍
പശ്ചാത്താപത്തിന്‍
നിമിഷങ്ങളില്‍
പണിയായുധത്തെയാരോ
പഴിചാരുന്നു.

ഒരു പോസ്റ്റ്മോഡേൺ പ്രണയലേഖനം
ലുകേഷ്യ, 
ഞാൻ നിന്നെ പ്രണയിക്കുന്നു.
ആറ്റികുറുക്കിയ വരികൾ കൊണ്ട്
നിന്നെ ഞാൻ വർണ്ണിക്കില്ല
ആറ്റിൻ വക്കിലെ
കൂമ്പിയ ആമ്പലിലാണെന്റെ കണ്ണുകൾ.

ലുകേഷ്യ,
നിന്റെ നഖപ്പാടുകൾ
എന്റെ ഉദരത്തെ
അസ്വസ്ഥമാകുന്ന
ചൊറിച്ചിൽ.

ഓർമ്മയുടെ
ആദ്യത്തെ
കുന്നിറങ്ങുമ്പോൾ,
ലാറ്റിൻ സുന്ദരികളുടെ
പ്രബലത
സ്വപ്നം കണ്ട കഥ
നിന്നെ കേൾപ്പിച്ചപ്പോൾ,
ഒളിഞ്ഞുനിന്നു
മുതുകിൻ മറുകിൽ തൊട്ടപ്പോൾ,
റോസിന്റെ ഇതളുകൾ
പിഞ്ചി കളഞ്ഞപ്പോൾ 

ലുകേഷ്യാ,

നന്നെ ഞാൻ 
ഈ അര്ദ്ധനിശീഥിനിയിൽ
പ്രണയിച്ചുപോവുന്നു.

സ്റ്റീഫന്

ഇന്നവള്‍ മറ്റൊരു പൂമെത്തയില്‍
ഞാന്‍ ശരശയ്യയില്‍
അവള്‍ കറവന്ന ദൃഢതയില്‍
അലസമായ ഒരു സുഖ നിദ്രയില്‍
ക്ലാസ് മുറികളുടെ ഓരം ചേര്‍ന്ന്
നിശ്വാസം തിരിച്ചറിഞ്ഞ ബീജം,
മദജലം നക്കിതുടച്ച മൃദുലത.

ഞാന്‍ എന്റെ ശരശയ്യയില്‍
താഴേക്ക് കൈകള്‍ നീട്ടി
സ്ടീഫന്റെ ബീജം തിരഞ്ഞു
ആത്മാവ് കൊണ്ടു ആശ്വസിപ്പിച്ചു.

Friday, December 12, 2008

ചിന്ത

കാലത്തെ ഒരു
നൂലാക്കി മാറ്റി
എന്നിട്ടും പ്രതലം
വിശദാംശങ്ങളില്ലാതെ
നീളുന്നു
ദിശകള്‍ ഭാഗിച്ചില്ലെങ്കിലും
ചിന്ത സമാന്തരമായി സഞ്ചരിച്ചു
കാലം പ്രജ്ഞയില്‍
ബുദ്ധിയുടെ വേരൂന്നി.
പിന്നെയും ചിന്തയില്‍
അങ്ങുമിങ്ങും ശൂന്യത;
തരിശില്‍ ചിലയിടത്ത്
ഹേമന്തമറിയാത്ത പച്ചപ്പ്.

കാറ്റിന്റെ ദിശ
മാറികൊണ്ടിരുന്നു,

പൂമുഖത്ത് നിന്ന് ചായ്പില്‍
ശബ്ദം കേട്ടപോല്‍
ഫ്‌ളാറ്റിന്‍ ജനലഴിയിലൂടെ
വിദൂരതയില്‍
കണ്ണയക്കുന്നു വീണ്ടും.

പിന്നെയും ചിന്ത
ഉറക്കപിച്ച
പറഞ്ഞുകൊണ്ടങ്ങനെ..

Sunday, November 23, 2008

ചുവപ്പ് (A Nightmare)

മുറിയിലെ ചുവന്ന വെളിച്ചം
ഡേവിഡിന്റെ
പരുത്ത സൗന്ദര്യം
പകര്‍ന്നത്,
ഉന്മാദത്തിന്റെ
ചാരനിറമുള്ള പുക
ചുവപ്പില്‍ ലയിച്ചപോല്‍ .

ഡിജിറ്റല്‍ കാമറയുടെ
മാസ്മരികത
സ്‌ക്രീനില്‍ തെളിയിക്കുന്ന
വര്‍ണ്ണ വട്ടം,
അല്ലെങ്കില്‍ മിത്ത് എന്ന
തത്ത്വസംഹിത.

ചുവക്കുന്നു

ആര്‍ത്ത ഒരു സെക്കന്‍ഡ്
കശക്കിയ എന്റെ ഹൃദയം
പൊട്ടി ചുവക്കുന്നു.
ചുവപ്പില്‍ അവള്‍
മുങ്ങി താഴുന്നത്;
ഭീതിയില്‍ കാണുന്ന
ഒരു സ്വപ്നത്തില്‍ നിന്ന്
കടുത്ത കണ്‍പോളകളെ
ഉറക്കെ തള്ളി മാറ്റി
ഉണരാന്‍ ശ്രമം.

(David* is a masterpiece of Renaissance sculpture
sculpted by Michelangelo from 1501 to 1504.)

Wednesday, November 12, 2008

പൂമെത്ത

ഇതോ പൂമെത്ത
സദാ ജീർണ്ണിക്കും വ്യഥ,
വമിക്കും തൃസുന്തരീ മിഥ്യ,
കാത്തു വെച്ചൊരെന് ജനി
ഇന്നു ശാപം പേറുന്നു.