Sunday, October 4, 2009

കണ്ണാടി




'മരിയാന, നോക്കു മൂക്കില്‍ ഒരു രോമം
പതിവിലേറെ വളര്‍ന്നിരിക്കുന്നു'

'ഇന്നലെ വാങ്ങിയ ചെറിയ
കത്രികയില്ലേ ഷെല്‍ഫില്‍'

'പലകുറി ശ്രമിച്ചു പക്ഷെ സ്വയം അറിഞ്ഞു
ഉറക്കം നടിക്കുന്ന ഒരു ഭീകരനെ മാത്രം
വെട്ടി മാറ്റാന്‍ കഴിയുന്നില്ല'

'സ്റ്റീഫന്‍,
അത് കണ്ണാടിയില്‍
പറ്റിയിരിക്കുന്ന രോമമാണ്'

'ഹോ! ഞാന്‍ വല്ലാതെ ഭയന്നു
ഒരു പക്ഷെ അത് എന്റേത്‌
തന്നെയായിരുന്നെങ്കില്‍ എന്ന് ഓര്‍ക്കുമ്പോള്‍ '

ധ്യാനപ്പുര


റേഡിയോയുടെ ക്രാ ക്രീ ശബ്ദങ്ങളില്‍ നിന്നു
ആധുനിക മിത്തോളജി രൂപം കൊള്ളുന്നു
ക്രമം തെറ്റി ഒഴുകുന്ന ധ്യാന സംഗീതം
ആത്മാവിലാവാഹിച്ചു
പുതിയ പ്രാര്‍ഥനാ മന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നു.
ഇടക്കിടെ വരുന്ന മൈന്‍ ശബ്ദങ്ങള്‍
അനലോഗില്‍ നിന്നു ഡിജിറ്റലിലേക്ക്
രൂപാന്തരപ്പെടുത്തി
യുക്തി ചിന്തയുണ്ടാക്കുന്നു.
വിസ്മയങ്ങളില്ല!
ചരിത്രരഥങ്ങള്‍
ശാന്തമഹാസമുദ്രത്തില്‍
മുങ്ങി താഴുന്നു.

ഇനിയൊരു ഉണര്‍ത്തു പാട്ടിന്റെ ഗീതവുമായി
ആയിരം കാതമകലെ നിന്നൊരു കിഴവന്‍
തോണിയുമായി വരുന്നതും കാത്തു
യുവ ചിന്തകള്‍ .

മറന്നു പോയ അക്ഷരം


കഴിഞ്ഞ കുറച്ചു നാളുകളായി
തിരയുകയാണാ അക്ഷരം.
ഞാന്‍ കുടത്തില്‍ തപ്പി,
കതകുകളില്‍ മുട്ടി,
അഴുക്കു ചാലില്‍ നീന്തി,
പഴയ നോട്ടു ബുകില്‍ വരച്ചിട്ട
ചെവിയുടെയും മൂക്കിന്റെയും
അസ്ഥിയുടെയും അടിയില്‍ പരതി,
ചെരുപ്പ് ഊരി കുടഞ്ഞു നോക്കി,
പിന്നിട്ട വഴികളില്‍
കടലോരത്ത് നടന്നകന്ന
കാല്‍പ്പാടുകള്‍ നോക്കി,
കാമുകിയുടെ ചുണ്ടിലും
ഉടുപ്പിനുള്ളിലും നോക്കി,
മദ്യത്തിലും പുകയിലും നോക്കി,
സുഹൃത്തിന്റെ ഹൃദയത്തില്‍ നോക്കി,
ഇളകി പോയ പല്ലിന്റെ പള്‍പ്പില്‍ നോക്കി,
എവിടെയും ഇല്ല

നിരാശനായ ഞാന്‍ എന്റെ
പ്രതിബിംബത്തില്‍ അലസമായൊന്നു നോക്കി

അതെന്റെ കണ്ണുകളില്‍ തന്നെ ഉണ്ടായിരുന്നു.