Sunday, October 4, 2009

മറന്നു പോയ അക്ഷരം


കഴിഞ്ഞ കുറച്ചു നാളുകളായി
തിരയുകയാണാ അക്ഷരം.
ഞാന്‍ കുടത്തില്‍ തപ്പി,
കതകുകളില്‍ മുട്ടി,
അഴുക്കു ചാലില്‍ നീന്തി,
പഴയ നോട്ടു ബുകില്‍ വരച്ചിട്ട
ചെവിയുടെയും മൂക്കിന്റെയും
അസ്ഥിയുടെയും അടിയില്‍ പരതി,
ചെരുപ്പ് ഊരി കുടഞ്ഞു നോക്കി,
പിന്നിട്ട വഴികളില്‍
കടലോരത്ത് നടന്നകന്ന
കാല്‍പ്പാടുകള്‍ നോക്കി,
കാമുകിയുടെ ചുണ്ടിലും
ഉടുപ്പിനുള്ളിലും നോക്കി,
മദ്യത്തിലും പുകയിലും നോക്കി,
സുഹൃത്തിന്റെ ഹൃദയത്തില്‍ നോക്കി,
ഇളകി പോയ പല്ലിന്റെ പള്‍പ്പില്‍ നോക്കി,
എവിടെയും ഇല്ല

നിരാശനായ ഞാന്‍ എന്റെ
പ്രതിബിംബത്തില്‍ അലസമായൊന്നു നോക്കി

അതെന്റെ കണ്ണുകളില്‍ തന്നെ ഉണ്ടായിരുന്നു.

1 comment:

ഹരിശങ്കരനശോകൻ said...

സെൻ കഥകളെ അനുസ്മരിപ്പിക്കുന്നതെങ്കിലും അത്രകണ്ട് ആവർത്തനവിരസമല്ലാത്ത ഒരു കവിത